കാലത്തിന്റെ കാവൽക്കാരന്റെ രഹസ്യം.
ലെനയുടെ അമ്മൂമ്മയുടെ മുറിയിൽ ഒരു വയസ്സൻ ഘടികാരമുണ്ട്. അവൾക്കതെന്നും ഒരത്ഭുതമായിരുന്നു. അതിന്റെ കുഴഞ്ഞുമറിഞ്ഞിരിക്കുന്ന പൽച്ചക്രങ്ങൾ, മിനുസമാർന്ന മരപ്പലകകൾ, ഏതോ രഹസ്യം മന്ത്രിക്കുന്നതു പോലുള്ള, താളം തെറ്റാത്ത 'ടിക് ടോക്' --- എല്ലാം കൊണ്ടും അതിനു ജീവനുള്ളതുപോലെ തോന്നിച്ചു.
"എന്തു കൊണ്ട്?" ലെന അവരോട് നിരവധി തവണ ചോദിക്കുകയുണ്ടായി.
അപ്പോഴൊക്കെ, നിഗൂഢമായ ഒരു പുഞ്ചിരിയോടെ അമ്മൂമ്മ പറയും: "അത് വിശേഷപ്പെട്ട ഒന്നാണ്. "ചിലതിനെയൊക്കെ തൊടാതെ വിടുന്നതാണ് ഭേദം."
അമ്മൂമ്മയുടെ മറുപടി ലെനയുടെ ജിജ്ഞാസ വർദ്ധിപ്പിച്ചതേയുള്ളൂ. അവളാ ഘടികാരത്തെ നോക്കി മണിക്കൂറുകളോളം നിൽക്കും. അതിനെന്താ ഇത്ര വിശേഷം? എന്തുകൊണ്ടതിനെ തൊട്ടു കൂടാ?
ഒരു വൈകുന്നേരം. നല്ല കാറ്റടിക്കുന്നുണ്ടായിരുന്നു; മഴത്തുള്ളികൾ ജനലുകളിൽത്തട്ടി ഒച്ചയുണ്ടാക്കി; അകലങ്ങളിൽ ഇടി മുഴങ്ങിക്കൊണ്ടിരുന്നു. ആ സമയം ലെന ഘടികാര മുറിയിൽ ഒറ്റയ്ക്കായിരുന്നു. ഇളകിക്കൊണ്ടിരുന്ന മങ്ങിയ വെളിച്ചം ചുമരുകളിൽ ഭീകരമായ നിഴൽച്ചിത്രങ്ങൾ വരച്ചു.
ഘടികാരം നിവർന്നങ്ങനെ നിൽപ്പായിരുന്നു; സ്വർണ്ണ നിറത്തിലുള്ള പെൻഡുലം നിർത്താതെ ഊഞ്ഞാലാടിക്കൊണ്ടിരുന്നു. ഹൃദയമിടിപ്പ് പോലെ ഓരോ നിമിഷവും അതു വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
ലെന ഒരൽപ്പം മടിച്ചു നിന്നു. അല്ല, എന്തു കുഴപ്പം വരാനാണ്? നീണ്ട ഒരു ശ്വാസമെടുത്ത് അവൾ തന്റെ കൈകൾ നീട്ടി; ഘടികാരത്തിന്റെ കൈകൾ പിറകോട്ടു മാറ്റി.
അത്രയും ചെയ്തതേ അവൾക്കോർമ്മയുള്ളൂ. മുറി മുഴുവൻ ഒന്നു കറങ്ങി; പുസ്തകങ്ങൾ അടുക്കിവെച്ച അലമാരകൾ കണ്ണിൽപ്പെടാതായി. മേശയും കസേരകളും സ്ഥാനം മാറി. സമയത്തിന്റെ ചരുളഴിഞ്ഞതുപോലെ കാറ്റ് അവളെ ചൂഴ്ന്നു കടന്നുപോയി.
അതിനു ശേഷം, അവിടെ ഒച്ചയുമനക്കവുമില്ലാതായി.
ലെന കണ്ണുചിമ്മിത്തുറന്നു. കാറ്റ് അടങ്ങിയിരുന്നു. മുറിയിൽ വെളിച്ചം കനത്തു നിന്നു. മേശയും കസേരകളും പുതിയതുപോലിരുന്നു. മുറിയിലുണ്ടായിരുന്ന പൊടിയുടെ മണമില്ലാതായി. പുതിയൊരു സുഗന്ധം പരന്നു.
മേശക്കരികിൽ മെടഞ്ഞ, ചുവന്ന മുടിയുള്ള ഒരു കൊച്ചു പെൺകുട്ടി ഇരിക്കുന്നു! കണ്ടാൽ ലെനയുടെ അമ്മൂമ്മയെപ്പോലെതന്നെ; പ്രായം കുറവാണെന്നു മാത്രം.
ലെന ശ്വാസം ഉള്ളിലേക്കെടുത്തു പോയി: "അമ്മൂമ്മേ!"
കൊച്ചു പെൺകുട്ടി ചാടിയെഴുന്നേറ്റു: "ആരാ നീ? ഇവിടെയെങ്ങനെ വന്നു?"
ലെനയുടെ മനസ്സ് കുഴഞ്ഞുമറിഞ്ഞു. ഇതൊക്കെ നടക്കാൻ പാടുള്ളതല്ലല്ലോ. പക്ഷേ, നടന്നിരിക്കുന്നു.
"ഞാൻ ... ഞാൻ കാലത്തിലൂടെ പിറകോട്ട് പോയെന്നു തോന്നുന്നു," അവൾ വിക്കിവിക്കിപ്പറഞ്ഞു.
ആ പെൺകുട്ടി നെറ്റിചുളിച്ചു; ലെനയെ സംശയത്തോടെ നോക്കി. പിന്നെ, ലെനയെ അമ്പരപ്പിച്ചുകൊണ്ട് നിശ്വാസമുതിർത്തു പറഞ്ഞു: "അതിനർത്ഥം, ഘടികാരം ശരിക്കും പണിയെടുക്കുണ്ടെന്നാണ്."
"അപ്പൊ, നിങ്ങൾക്കതറിയാമായിരുന്നോ?" ലെന ചോദിച്ചു.
അവളുടെ അമ്മൂമ്മയുടെ ചെറിയ രൂപം തല കുലുക്കി. "ഇതിലൊരു രഹസ്യമുണ്ടെന്ന് എന്റെ അച്ഛൻ എപ്പോഴും പറയുമായിരുന്നു. എനിക്കത് മനസ്സിലായിരുന്നില്ല. നീയത് മനസ്സിലാക്കിയെന്ന് തോന്നുന്നു."
മേശപ്പുറത്ത് മഞ്ഞനിറമാർന്ന പഴയൊരു കുറിപ്പ് കിടക്കുന്നത് ലെന കണ്ടു. അതിനായി കൈ നീട്ടിയപ്പോൾ, എലിനോർ അവളെ തടഞ്ഞില്ല.
കുറിപ്പ് ഇങ്ങനെയായിരുന്നു: "ഘടികാരക്കൈകൾ നീക്കുന്നവരെ സംബന്ധിച്ച് കാലം ഒരു പുഴയാണ്. പക്ഷേ, ജാഗ്രത! ഏതു മാറ്റത്തിനും വലിയ വില കൊടുക്കേണ്ടി വരും."
ലെന ഘടികാരത്തിനടുത്തേക്ക് ഓടിച്ചെന്നു; അതിന്റെ കൈകളെ മുമ്പോട്ടേക്ക് നീക്കി. ലോകം വീണ്ടും മങ്ങിത്തുടങ്ങി. കാലം അവൾക്കു ചുറ്റും തിരിഞ്ഞു മറിഞ്ഞു. പിന്നെ - എല്ലാം നിശ്ശബ്ദമായി. അവൾ വർത്തമാനകാലത്തിലേക്ക് മടങ്ങിയെത്തി. പുറത്ത് കൊടുങ്കാറ്റ് അപ്പോഴും ഗർജ്ജിച്ചു കൊണ്ടിരുന്നു.
അവൾ മടങ്ങിയെത്തി. പുറത്ത് കൊടുങ്കാറ്റ് വീണ്ടും കൊടുമ്പിരിക്കൊണ്ടു. പക്ഷേ, എന്തോ ഒരു വ്യത്യാസമുള്ളതായി അവൾക്കു തോന്നി.
അവളുടെ അമ്മൂമ്മ വാതിൽപ്പടിയിൽ നിൽപ്പുണ്ടായിരുന്നു; എന്തോ രഹസ്യമറിഞ്ഞതുപോലെ അവർ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. "നീ നോക്കി നടന്നത് നിനക്ക് കിട്ടിയോ?" അവർ ചോദിച്ചു.
ലെനയുടെ തൊണ്ടയിൽ ശ്വാസം കുടുങ്ങിപ്പോയി. "അമ്മൂമ്മയ്‌ക്കോർമ്മയുണ്ടോ?" അവൾ ചോദിച്ചു.
എലിനോർ അമ്മൂമ്മ അടക്കിച്ചിരിച്ചു. "എല്ലാമറിയില്ല; പക്ഷേ, വേണ്ടതൊക്കെ അറിയാം. നോക്കൂ, ലെനാ, കാലമൊരു കളിപ്പാട്ടമല്ല. നമ്മളെടുക്കുന്ന ഓരോ തീരുമാനത്തിനും അതിന്റേതായ ഗൗരവമുണ്ട്; ഓരോ ചെറിയ തീരുമാനത്തിനു പോലും."
ഒരു നിമിഷം! താനൊരു ഗോപുരമുകളിലെത്തിയതായി ലെനയ്ക്കു തോന്നി.
ലെന ഘടികാരത്തിലേക്ക് കണ്ണയച്ചു. അതു മാറിയതായി അവൾക്കു തോന്നി. അതിപ്പോൾ വെറുമൊരു കുടുംബസ്വത്തു മാത്രമല്ല, കാലത്തിന്റെ കാവൽക്കാരൻ തന്നെയാണ്. ഇനിയൊരിക്കലും അതിനെ പഴയപടി കാണാൻ തനിക്കാവില്ലെന്ന് ലെനയ്ക്ക് മനസ്സിലായി.
No comments:
Post a Comment